ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഹാൽദിയയിൽ പുതിയ നാവികസേന താവളം സ്ഥാപിക്കുന്നു. ചൈനയുടെ നാവിക പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ബംഗ്ലാദേശും പാക്കിസ്ഥാനും ഉയർത്തുന്ന സുരക്ഷാഭീഷണി കണക്കിലെടുത്തുമാണ് വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ സമുദ്രസാന്നിധ്യം ശക്തിപ്പെടുത്തുന്നത്.
ചെറിയ യുദ്ധക്കപ്പലുകൾ വിന്യസിക്കാവുന്ന നാവിക ഡിറ്റാച്ച്മെന്റ് ആയിട്ടായിരിക്കും ഹാൽദിയയിലെ നാവിക താവളം പ്രവർത്തിക്കുകയെന്ന് ഉന്നത പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി.
നിലവിലുള്ള ഹാൽദിയ ഡോക്ക് കോംപ്ലക്സിനെ നാവിക താവളത്തിനായി ഉപയോഗപ്പെടുത്തും. ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ, 300 ടണ്‍ ഭാരമുള്ള ന്യൂ വാട്ടർ ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ തുടങ്ങിയവ പുതിയ നാവികതാവളത്തിൽ ഉണ്ടാകും. കൃത്യതയുള്ള ആക്രമണങ്ങൾക്കും നിരീക്ഷണത്തിനും ശേഷിയുണ്ടാകും.